പ്രവാസി രംഭകനെ മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും പ്രവാസി ബിസിനസുകാരാണ്. തട്ടിപ്പ് നടത്തേണ്ടവരെ ആദ്യം കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. ശേഷം ഇയാൾ അവർ അറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ കുഴിച്ചിടും. പിന്നീട് ഇയാൾ തന്നെ തന്റെ ‘ദിവ്യദൃഷ്ടി’യിൽ ഇവ കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നു പറഞ്ഞു അവരെ വിശ്വസിപ്പിക്കും. തുടർന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽ നിന്ന് 3 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവർത്തിയിൽ വിശ്വാസം തോന്നിയ പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാളെ നിയോഗിച്ചു. പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകൾ പുറത്തെടുത്തു. എന്നാൽ ഇവർ പോയശേഷം ഇവിടത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽ നിന്ന് ഏലസുകൾ എടുത്ത് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി. പ്രവാസിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തിൽ പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.